ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ അനുമതി. പ്രതിപക്ഷ ആവശ്യം പരിഗണിച്ച് വോട്ടെടുപ്പിലൂടെയാണ് ബില്ലിന് അവതരണാനുമതി നൽകിയത്. ബില്ലിനെ അനുകൂലിച്ച് 251 പേരും എതിർത്ത് 185 പേരും വോട്ട് ചെയ്തു.
നിയമമന്ത്രി അർജുൻ റാം മേഘ്വാൾ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരാണ് ലോക്സഭയിൽ ബില്ലുകൾ അവതരിപ്പിക്കുക. 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംവരണം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അതേസമയം ബില്ലിനെതിരെ പാർലമെന്റിൽ ശക്തമായ പ്രതിഷേധം നടക്കുകയാണ്. മണ്ഡല പുനർനിർണയത്തിനു വേണ്ടിയാണു വനിതാ സംവരണം കൊണ്ടുവരുന്നതെന്നും ആ രീതിയെയാണ് എതിർക്കുന്നതെന്നും എൻ.കെ.പ്രേമചന്ദ്രൻഎംപി പറഞ്ഞു. ബിൽ ഫെഡറലിസത്തിനു നേരെയുള്ള ആക്രമണമെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു.
ബിൽ വനിതാ സംവരണത്തിനു വേണ്ടിയുള്ളതല്ല, മറിച്ച് മുസ്ലിം സംവരണം ഇല്ലാതാക്കാൻ വേണ്ടിയുള്ളതും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾക്കു കൂടുതൽ അധികാരം നൽകി പാർലമെന്ററി ജനാധിപത്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്നും ഒവൈസി ആരോപിച്ചു.